കാനഡയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്ത 51-കാരനായ ഇന്ത്യൻ പൗരനെ നാടുകടത്തും

By: 600110 On: Nov 22, 2025, 7:17 AM

 

കാനഡയിലെ സാർണിയയിൽ രണ്ട് കൗമാരക്കാരികളെ ശല്യം ചെയ്ത കേസിൽ 51 വയസ്സുള്ള ഒരു ഇന്ത്യൻ പൗരനെ കാനഡയിൽ നിന്നും നാടുകടത്തും. നവജാതശിശുവായ പേരക്കുട്ടിയെ കാണാൻ താത്കാലിക വിസയിൽ കാനഡയിൽ എത്തിയതായിരുന്നു ജഗ്ജീത് സിംഗ്. സെപ്റ്റംബർ 8 നും 11 നും ഇടയിൽ, സ്കൂളിന് സമീപം വെച്ച് ഇയാൾ യുവതികളെ സമീപിക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിംഗിനെ സെപ്റ്റംബർ 16 ന് അറസ്റ്റ് ചെയ്യുകയും ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു പരാതിയെ തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന്, സിംഗ് കുറ്റസമ്മതം നടത്തുകയായിരുന്നു. കോടതി ഇയാൾക്ക് ഒമ്പത് ദിവസത്തെ തടവും മൂന്ന് വർഷത്തെ പ്രൊബേഷനും ശിക്ഷ വിധിച്ചു. സിങ്ങിനെ നാടുകടത്തുന്നതിന് പുറമെ കാനഡയിലേക്ക് മടങ്ങിവരുന്നതിന് വിലക്കേർപ്പെടുത്തിയതായും ജഡ്ജി അറിയിച്ചു. പേരക്കുട്ടിയെ ഒഴികെ 16 വയസ്സിന് താഴെയുള്ള ആരുമായും ഇടപഴകുന്നതിനും സ്കൂളുകളും പാർക്കുകളും പോലുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നതിനും ഇയാൾക്ക് വിലക്കുണ്ട്. സിംഗിൻ്റെ പ്രവർത്തികൾ തങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതായി പെൺകുട്ടികൾ പറഞ്ഞു. കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സിംഗിന്റെ നാടുകടത്തൽ നടപടികൾ കൈകാര്യം ചെയ്യുന്നത്.